ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓൺലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് ബിരുദ വിദ്യാർഥി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി വിദ്യാർഥി ആദിത്യ ഭാട്ടി (22) യാണ് മരിച്ചത്.
വീട്ടിലെ ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർത്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആദിത്യയെയാണ്. ശുചിമുറിയുടെ വാതിൽ തകർത്താണ് ഇരുവരും അകത്തുകയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ ഗെയിമിലൂടെ ആദിത്യക്ക് വൻതോതിൽ പണം നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വിരമിച്ച സൈനികനായ അമ്മവന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് ആദിത്യ വെടിവച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ആദിത്യയുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ച് വരികയാണ്.